26 July, 2024 09:51:36 AM
ഗുരുഗ്രാമിൽ 5 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; നീന്തൽ പരിശീലകനെതിരെ കേസ്
ഗുരുഗ്രാം: ഗുരുഗ്രാമിൽ അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. സംഭവത്തിൽ നീന്തൽ പരിശീലകനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ മരണം സംഭവിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 37 ഡിയിലുള്ള ബിപിടിപി പാർക്ക് സെറീൻ സൊസൈറ്റിയുടെ കീഴിലുള്ള നീന്തൽക്കുളത്തിലാണ് കുട്ടി മരിച്ചത്.
ലൈഫ് ഗാർഡ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടം ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയരുന്നത്. അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങിക്കിടക്കുന്നത് കണ്ട് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ലൈഫ് ജാക്കറ്റ് അയഞ്ഞതായിരുന്നുവെന്നും ജാക്കന്‍റിലെ ലോക്ക് തുറന്നിരിക്കുകയായിരുന്നുമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ബിന്നി സിംഗ്ലയുടെ പരാതിയിൽ പൂൾ പരിശീലകനെതിരെ ഗുരുഗ്രാം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്വിമ്മിംഗ് പൂളിൽ കുട്ടികളെ വിടുന്നത് പരിശീലകനെ വിശ്വസിച്ചാണെന്നും ഇനി എങ്ങനെ കുട്ടികളെ പറഞ്ഞയക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. കേസിൽ ഉചിതമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.