25 July, 2024 06:28:25 PM


മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു



മുംബൈ: മുംബൈയില്‍ കനത്തമഴയെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സയണ്‍, അന്ധേരി, ചെമ്പൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വെള്ളിയാഴ്ച രാവിലെവരെ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതിന് കാലതാമസമുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസിന്റെ സമയക്രമം പരിശോധിക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സും സമാനമായ മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ചില സര്‍വീസുകള്‍ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു.

മഹാരാഷ്ട്രയിലെ പുണെയിലും കനത്ത മഴ തുടരുകയാണ്. വിവിധ സംഭവങ്ങളില്‍ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ രൂക്ഷമാകുന്നതില്‍ ഭരണസംവിധാന ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ വ്യക്തമാക്കി. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് ഏജന്‍സികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സൈന്യവുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സഹായം തേടും. ജനങ്ങളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. അത്യാവശ്യമില്ലെങ്കില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K