25 July, 2024 09:26:36 AM
മാണ്ഡിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി
സിംല: നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയില്‍ കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍, മാണ്ഡി) തെറ്റായി നിരസിച്ചതാണെന്നാണ് ഹര്‍ജിക്കാരനായ ലായക് റാം നേഗിയുടെ വാദം.
മാണ്ഡിയില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാന്‍ ബുധനാഴ്ച കോടതി നിര്‍ദ്ദേശിച്ചത്. ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്‌ന റേവാള്‍ കങ്കണ റണാവത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വനംവകുപ്പിലെ മുന്‍ ജീവനക്കാരനായ നേഗി താന്‍ സ്വമേധയ വിരമിച്ചതാണെന്നും നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 'കുടിശ്ശിക ഇല്ല' എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായുമായാണ് വാദിക്കുന്നത്. എന്നാല്‍, വൈദ്യുതി, ജലം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്ന് കുടിശ്ശിക ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഒരു ദിവസം അനുവദിച്ചു. എന്നാല്‍ അവ സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ അവ സ്വീകരിക്കാതെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നുവെന്നാണ് നേഗിയുടെ പരാതി.
തന്റെ പത്രികകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ നേഗി ആവശ്യപ്പെട്ടിരിക്കുന്നത്. മാണ്ഡി ലോക്‌സഭാ സീറ്റില്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്കാണ് കങ്കണ റണാവത്ത് വിജയിച്ചത്.