22 July, 2024 04:59:49 PM


ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; പരിശോധന ഇനി പുഴ കേന്ദ്രീകരിച്ച്



ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. 

എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് പരിശോധിക്കുകയാണ് ഒരു സംഘം. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്.  

ഏഴാം ദിവസമാണ് അർജുനായുളള തെരച്ചിൽ തുടരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. 

സ്കൂബ ഡൈവേഴേ്സ് സംഘമാണ് മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള  ഗം​ഗം​ഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K