22 July, 2024 09:14:49 AM


അർജുനെ കാത്ത് പ്രതീക്ഷകള്‍ കൈവിടാതെ നാട്; തിരച്ചിൽ വീണ്ടും തുടങ്ങി



ബം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. രക്ഷാപ്രവർത്തനം തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. ഇന്നലെ മുതൽ സൈന്യം രം​ഗത്തുണ്ട്. മണ്ണിനടിയിൽ ലോറി ഇല്ലെന്ന നി​ഗമനത്തിലാണ് കർണാടക സർക്കാർ. അതിനാൽ പുഴയിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് നീക്കം.

എന്നാൽ കരയിലും പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളടക്കം കൊണ്ടു വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പുഴയിലെ പരിശോധന. ​ഗം​ഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ മണ്ണും പരിശോധിക്കും.

രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം ചേർന്ന ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.

ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമാണെന്നും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയിൽ മണ്ണുമല രൂപപ്പെട്ടിരുന്നു.

റോഡിൽ ലോറി പാർക്ക് ചെയ്തതെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അർജുനടക്കം മൂന്ന് പേര് കണ്ടെത്താനുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K