20 July, 2024 10:40:48 AM
കട്ടപ്പനയില്‍ എട്ടുവയസ്സുകാരി മരിച്ചനിലയില്‍; മലേറിയ ബാധിച്ചിരുന്നതായി സംശയം
ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ ആനകുത്തിയില്‍ എട്ടുവയസ്സുകാരി മരിച്ച നിലയില്‍. ജാര്‍ഖണ്ഡ് സ്വദേശി ബബിത കൗളിനെ മരിച്ച നിലയില്‍ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഇവിടെ ജോലി ചെയ്യുന്ന സഹോദരി ബഹമയ്ക്കൊപ്പം താമസിക്കാന്‍ നാലുദിവസം മുന്‍പാണ് കുട്ടി ആനകുത്തിയില്‍ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിക്ക് പനി ബാധിച്ചിരുന്നതായി സൂചനയുണ്ട്. വ്യാഴാഴ്ച രാത്രിയില്‍ തോട്ടത്തിലെ പണിക്കുശേഷം ലയത്തിലെത്തിയ സഹോദരിയും സംഘവും ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാൽ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെളിവെടുത്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്ന മൃതദേഹപരിശോധനയില്‍ കുട്ടിക്ക് മലേറിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ, മരണകാരണം വ്യക്തമാകൂ. കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.