20 July, 2024 10:31:31 AM


വിൻഡോസിൽ സാങ്കേതിക തകരാർ; നെടുമ്പാശ്ശേരിയിൽ അഞ്ച് വിമാനങ്ങൾ റദ്ദാക്കി



കൊച്ചി: വിൻഡോസിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യയിൽ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്. തകരാർ മൂലം നെടുമ്പാശ്ശേരിയിൽനിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. മുംബൈ, ഭുവനേശ്വർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. 200ലധികം വിമാനങ്ങളാണു കഴിഞ്ഞ മണിക്കൂറുകളിൽ റദ്ദാക്കിയത്.

വിദേശരാജ്യങ്ങളിൽനിന്ന് ഡൽഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കംപ്യൂട്ടറുകൾ ഷട്ട്ഡൗൺ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉൾപ്പെടെ തടസപ്പെടുകയായിരുന്നു. മാന്വൽ രീതിയിലാണ് പലയിടത്തും ഇപ്പോൾ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയർ, വിസ്താര എയർ, ഇൻഡിഗോ സർവീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിൻഡോസ് തകരാർ സാരമായി ബാധിച്ചു.

ഇന്നലെ പുലർച്ചെയാണ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എന്ന വിളിപ്പേരുള്ള എറർ മെസേജ് കംപ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയിൽ വൻകിട കമ്പനികൾ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് വിൻഡോസ്. വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കംപ്യൂട്ടറുകളെ പ്രശ്‌നം ബാധിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് ക്രൗഡ്‌സ്‌ട്രൈക് സി.ഇ.ഒ ജോർജ് കുട്‌സ് പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K