18 July, 2024 09:41:57 AM


യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു



വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ്‌യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂക്കൊലിപ്പും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിനു നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ'കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.

ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ വ്യക്തമാക്കി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും നന്ദി എന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ച ബൈഡൻ, താൻ ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനകയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും വ്യക്തമാക്കി.

പ്രായാധിക്യവും തുടർച്ചയായ നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K