11 July, 2024 06:24:45 PM
ജോലിസമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ചു; യുപിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍
ലക്‌നൗ: ജോലിസമയത്ത് കാൻഡി ക്രഷ് കളിക്കുകയും മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ വിദ്യാർഥികളുടെ നോട്ട് ബുക്കിൽ നിരവധി തെറ്റുകൾ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്.
അധ്യാപകൻറെ ഫോൺ ഗെയിം ആപ്പുകൾക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാൻഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി. "അധ്യാപകർ വിദ്യാർഥികളുടെ ഗൃഹപാഠം പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണം. കൂടാതെ, മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, എന്നാൽ സ്കൂൾ സമയങ്ങളിൽ വ്യക്തിപരമായ കാര്യത്തിന് അവ ഉപയോഗിക്കുന്നത് ശരിയല്ല," രാജേന്ദ്ര പൻസിയ പറഞ്ഞു.
പൻസിയ ആറ് കുട്ടികളുടെ നോട്ട് ബുക്കുകൾ പരിശോധിച്ചപ്പോൾ നിരവധി തെറ്റുകൾ കണ്ടെത്തി. ആറ് പേജുകൾ പരിശോധിച്ചപ്പോൾ 95 തെറ്റുകളാണ് കണ്ടെത്തിയത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച പൻസിയ പ്രിയം ഗോയലിൻ്റെ ഫോൺ പരിശോധിക്കുകയും ചെയ്തു. സ്കൂൾ സമയത്തിൻ്റെ അഞ്ചര മണിക്കൂറിൽ, പ്രിയം ഗോയൽ ഏകദേശം രണ്ട് മണിക്കൂറോളം കാൻഡി ക്രഷ് കളിക്കുകയും 26 മിനിറ്റ് ഫോണിൽ സംസാരിക്കുകയും 30 മിനിറ്റോളം സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടർന്ന് അസിസ്റ്റൻ്റ് ടീച്ചറെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.