10 July, 2024 01:11:49 PM


വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അവകാശം- സുപ്രീം കോടതി



ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എം അഗസ്റ്റിന്‍ ജോര്‍ജ് മാസിയും വ്യക്തമാക്കി.

മുന്‍ ഭാര്യയ്ക്ക് പതിനായിരം രൂപ ഇടക്കാല ജീവനാശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലിം പുരുഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്. സിആര്‍പിസി 125-ാം വകുപ്പ് വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. പരസ്പരം യോജിക്കുന്ന വ്യത്യസ്തമായ രണ്ടു വിധികളാണ് കോടതി പുറപ്പെടുവിച്ചത്. സിആര്‍പിസി 125-ാം വകുപ്പു പ്രകാരമുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് വിവാഹ മോചിതയാവുന്നതെങ്കില്‍ മുസ്ലിം വനിതാ സംരക്ഷണ നിയമ പ്രകാരം (2019) പരിഹാരം തേടാവുന്നതാണെന്നും കോടതി പറഞ്ഞു.

സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അതു മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019ലെ നിയമപ്രകാരം നടപടികളിലേക്കു കടക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K