06 July, 2024 08:53:56 AM


ഹത്രാസ് ദുരന്തം: മുഖ്യപ്രതി ദേവ് പ്രകാശ് മധുകർ അറസ്റ്റിൽ



ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിൽ ഉണ്ടായ അപകടത്തിലെ പ്രധാന പ്രതിയും സ്വയം പ്രഖ്യാപിത ആൾ ദൈവമായ ബോലെ ഭാഭയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഹാഥ്റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡൽഹിയിലെത്തി കീഴ‌ടങ്ങിയതായി മധുകറിൻ്റെ അഭിഭാഷകൻ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദേവ് പ്രകാശ് മധുകർ ചികിത്സയിലായിരുന്നതിനാൽ ഡൽഹിയിലെ പൊലീസിനെയും എസ്ഐടിയെയും എസ്ടിഎഫിനെയും വിളിച്ചുവരുത്തിയാണ് കീഴടങ്ങിയതെന്ന് എപി സിംഗ് പറഞ്ഞു. 'ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്താണ് ഞങ്ങൾ ചെയ്ത കുറ്റം? മധുകർ എഞ്ചിനീയറും ഹൃദ്രോഗിയുമാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിനാൽ അന്വേഷണത്തോട് സഹകരിക്കാനായി കീഴടങ്ങാമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു'വെന്നും എപി സിങ് പറഞ്ഞു.

ഹാഥ്റസ് അപകടം നടന്നതിന് ശേഷം ആൾദൈവം ഭോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. 121 പേരാണ് ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭോലെ ബാബയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാൻ സംഘാടകർ രണ്ട് സൈഡിലേക്ക് മാറി വഴിയൊരുക്കുന്നതും സിസിടിവിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K