05 July, 2024 02:03:14 PM


ഇനി ബ്രിട്ടിഷ് പാര്‍ലമെന്‍റിലും മലയാളി സാന്നിധ്യം; അഭിമാനമായി കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ്



ലണ്ടൻ: യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു മലയാളിത്തിളക്കം. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ നിന്ന് പാർലമെന്റിലേക്ക് ജയിച്ചു കയറിയിരിക്കുകയാണ് കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫ്. പതിറ്റാണ്ടുകളായി കൺസർവേറ്റീവിന്റെ കുത്തക മണ്ഡലമായിരുന്ന ആഷ്‌ഫോർഡിൽ അട്ടിമറി ജയമാണ് സോജൻ സ്വന്തമാക്കിയത്.

കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് യുകെയിൽ നഴ്‌സായ സോജൻ. ലേബർ പാർട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം, 1179 വോട്ടിനാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.

തെരേസ മേയ് മന്ത്രിസഭയിൽ മന്ത്രിയും, ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച, മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനായിരുന്നു സോജന്റെ എതിരാളി.1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.

ബാംഗ്ലൂരിൽ നിന്ന് നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെഇ കോളജിലെ പൂർവ വിദ്യാർഥിയാണ്- ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K