05 July, 2024 09:40:22 AM


കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമല്ല- ഹൈക്കോടതി



കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ക്കുറ്റം നിര്‍ണയിക്കാനാവൂ.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമല്ല. എന്നാല്‍ പെട്ടെന്നുള്ള കോപത്തിന്റെ പുറത്ത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനും അംഗീകരിക്കാനും കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടുകയുണ്ടായി.

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കള്‍ പരോക്ഷമായി അധ്യാപകന് നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മര്‍ദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകര്‍ക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും വിലയിരുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K