02 July, 2024 12:05:45 PM


രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്



ന്യുഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ലോക്‌സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി. ഹിന്ദുക്കള്‍, അഗ്നിവീര്‍, ബിജെപി, ആര്‍എസ്എസ് തുടങ്ങിയവ പരാമര്‍ശിച്ച ഭാഗങ്ങളാണ് സ്പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്നു നീക്കിയത്. ഹിന്ദുക്കളായ ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാണിച്ച് രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി.

രാഹുലിന്റെ പരാമര്‍ശം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയത്.

ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ക്കെതിരെയുള്ള രാഹുലിന്റെ ചില പരാമര്‍ശങ്ങളും രേഖകളില്‍നിന്ന് നീക്കി. അംബാനിക്കും, അദാനിക്കുമെതിരായ പരാമര്‍ശം, അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. രാഹുലിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി നേതാക്കള്‍ പിന്നീട് വാര്‍ത്താ സമ്മേളനം നടത്തി. തുടര്‍ന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസും മാധ്യമങ്ങളെ കണ്ടു.

അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. വൈകുന്നേരം ലോക്സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. നീറ്റ് പരീക്ഷ, അഗ്‌നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കള്‍ ഉയര്‍ത്തിയ വിഷയങ്ങളിലും ബിജെപി എന്ത് നിലപാട് സ്വീകരിക്കും എന്നും അറിയാനുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K