29 June, 2024 09:38:45 AM


​നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു; 5 പേർക്ക് പരിക്ക്




നോയി‍ഡ: ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂറിൽ നിർമ്മാണത്തിലിരിന്ന മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഭിത്തിയുടെ അടിത്തറ ദുർബലമാകുകയും വൈകുന്നേരത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തതായാണ് പ്രാഥമിക നി​ഗമനം.

സഗീർ എന്ന വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കൂട്ടുകുടുംബമായി താമസിക്കുകയാണ് ഇവർ. കുടുംബത്തിലെ എട്ട് കുട്ടികൾ മതിലിന് സമീപം നിന്ന് കളിക്കുകയായിരുന്നു. മതിലിടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ചത്. ആയിഷ (16), ഹുസൈൻ (5), സോഹ്ന (12), വാസിൽ (11), സമീർ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K