27 June, 2024 06:35:47 PM
ഇങ്ങോട്ട് ദ്രോഹിച്ചാൽ അങ്ങോട്ടും ദ്രോഹിക്കും, ശബരിമല സീസണാണ് വരുന്നത്; തമിഴ്നാടിനോട് ഗണേഷ്
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നികുതി കൂട്ടിയ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആൾക്കാർ ശബരിമലയിലേക്ക് വരുന്നത്. മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവർമാർക്കിടയിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞു. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും. കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. കംഫർട്ട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. 23 ഡ്രൈവിങ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് എം വിൻസൻ്റ് എംഎൽഎ അഭിപ്രായപ്പെട്ടു.