26 June, 2024 06:49:08 PM


വയലായില്‍ വീട്ടമ്മയെ ആക്രമിച്ച കേസിൽ നാല് യുവാക്ക‍ള്‍ അറസ്റ്റിൽ



മരങ്ങാട്ടുപള്ളി : വീട്ടമ്മയോടും കുടുംബത്തോടുമുള്ള മുൻവിരോധം മൂലം വീട്ടമ്മയെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂർ കൃഷ്ണാലയം വീട്ടിൽ അമീഷ് (30), കീഴാറ്റൂർ  ഒറ്റശേഖരമംഗലം മുളമുട്ടുവിളാകം വീട്ടിൽ നിധിൻ (24), കീഴാറ്റൂർ  ഒറ്റശേഖരമംഗലം വലിയവീട് വീട്ടിൽ അഭിജിത്ത് (22), കൊല്ലം ആലപ്പാട് അമൃതപുരി ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രജിത്ത്  (32) എന്നിവരെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

വയലാ സ്വദേശിനിയായ വീട്ടമ്മയുടെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കഴിഞ്ഞദിവസം രാത്രി 8:15 മണിയോടുകൂടി വീടിനു സമീപം വെച്ച് സംഘം ചേർന്ന് വീട്ടമ്മയെയും, ഭർത്താവിനെയും ചീത്തവിളിക്കുകയും വീട്ടമ്മയെ തള്ളി വീഴ്ത്തുകയുമായിരുന്നു. കൂടാതെ കയ്യിൽ കരുതിയിരുന്ന കത്തി കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം  വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് വീട്ടമ്മ താമസിക്കുന്ന വീടിന്റെ ജനലിനു നേരെ എറിഞ്ഞ് ജനൽ പൊട്ടിക്കുകയുമായിരുന്നു. 

പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു. നിധിന് അരയൻകോട്, വെള്ളറട,തെന്മല,കാട്ടാക്കട, കർണാടകയിലെ കൊട്ടാരപ്പേട്ട്  എന്നീ സ്റ്റേഷനുകളില്‍ മോഷണം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളും , പ്രജിത്തിന് പട്ടണക്കാട് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിനും കേസ് നിലവിലുണ്ട്. മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എം.ആർ, എസ്.ഐ പ്രിൻസ് തോമസ്, സി.പി.ഓ മാരായ സിജു എം.കെ, സനീഷ്, ബിനിൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K