21 June, 2024 08:43:35 AM


അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും



ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക.

റൗസ് അവന്യു കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെയാവും പുറത്തിറങ്ങുക. കെജ്‌രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹിയിലെ മന്ത്രിമാര്‍ അടക്കം കെജ്‌രിവാളിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തും.

മദ്യനയ കേസ് കെട്ടിച്ചമച്ചതാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു എന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അതേസമയം ജാമ്യം ലഭിച്ചതുകൊണ്ടുമാത്രം കെജ്‌രിവാള്‍ നിരപരാധിയാകുന്നില്ല എന്നാണ് ബിജെപി നിലപാട്. കെജ്‌രിവാളിന് ജാമ്യം നല്‍കിയ വിചാരണക്കോടതി വിധിക്കെതിരെ രാവിലെ തന്നെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കെജ്‌രിവാളിന് തന്നെയാണെന്ന് ഇഡി കോടതിയെ അറിയിക്കും.

മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുക്കാന്‍ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷം കെജ്‌രിവാളിന് വീണ്ടും ജാമ്യം ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K