18 June, 2024 06:30:26 PM
തിരുനക്കര ബസ് സ്റ്റാന്‍റിൽ കാത്തിരിപ്പുകേന്ദ്രം: സ്പോൺസറെ തേടാൻ തീരുമാനം
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍റിൽ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ സ്പോൺസർമാരെ തേടാൻ തീരുമാനിച്ചു. ഇതിനായി ഏഴുദിവസത്തിനകം പത്രങ്ങളിൽ പരസ്യം നൽകുവാനും ഇന്ന് ചേർന്ന കോട്ടയം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. തനതുഫണ്ട് ചെലവഴിച്ചു നിർമിക്കുമ്പോൾ ടെൻഡർ അടക്കം നടപടിക്രമങ്ങൾ പൂർത്തിയാകാൻ 45 ദിവസമെടുക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര തീരുമാനം.
ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചിരുന്നു. എന്നാൽ ചട്ട പ്രകാരം കൗൺസിൽ കൂടി എടുക്കുന്ന തീരുമാനത്തിലൂടെ മാത്രമേ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ ആകുമെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ വ്യക്തമാക്കിയിരുന്നു. കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ചെയർപേഴ്സൻ്റെ ഉറപ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി സമരം തുടർന്ന പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗത്തിലൂടെയാണ് നീക്കിയത്.