17 June, 2024 07:36:12 PM


അപൂര്‍വങ്ങളില്‍ അപൂര്‍വം: തായ്‌ലന്‍ഡില്‍ പിറന്നത് ഇരട്ടക്കുട്ടിയാനകള്‍



ബാങ്കോക്ക്: വളരെ വിചിത്രമെന്ന് തോന്നിക്കുന്ന ഒരു സംഭവത്തിനാണ് വെള്ളിയാഴ്ച തായ്‌ലാന്‍ഡിലെ ആന പരിപാലന കേന്ദ്രം സാക്ഷിയായത്. 36കാരിയായ ചാംചുരിയെന്ന ആന ജന്‍മം നല്‍കിയിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് എന്നതാണ് ഈ പ്രത്യേകത. ആനകളില്‍ ഇരട്ട കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത നൂറില്‍ ഒന്ന് മാത്രമാണ് എന്നിരിക്കെയാണ് അയുതായ ആന പരിപാലന കേന്ദ്രത്തിലെ പിടിയാന രണ്ട് ആനക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതും ഒരു പിടിയാന, ഒരു കൊമ്ബനും. ആദ്യം പിറന്ന കൊമ്ബനാനയെ വൃത്തിയാക്കുന്നതിന് ഇടയിലായിരുന്നു പതിനെട്ട് മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

സംഭവത്തെ പരിസ്ഥിതിയുടെ അത്ഭുതമെന്നാണ് ആനപരിപാലന കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. പെട്ടന്നുണ്ടായ സംഭവത്തില്‍ തള്ളയാന രണ്ടാമത്തെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആനപരിപാലന കേന്ദ്രം നടത്തിപ്പുകാര്‍ കുട്ടിയാനയെ രക്ഷിക്കുകയായിരുന്നു. ഇതിന് മുന്‍പൊരിക്കലും ഇരട്ട കുഞ്ഞുങ്ങളെ കാണാത്തതിലുള്ള അമ്ബരപ്പാകും തള്ളയാനയുടെ അപ്രതീക്ഷിത പെരുമാറ്റത്തിന് കാരണമെന്നാണ് ആന പരിപാലന കേന്ദ്രം നടത്തിപ്പുകാര്‍ വിശദമാക്കുന്നത്. 80ഉം 60 കിലോ വീതം ഭാരമാണ് ഇരട്ടകള്‍ക്കുള്ളത്.


ആനകള്‍ക്കിടയില്‍ ഇരട്ടകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. വലുപ്പത്തില്‍ ഇത്തിരി ചെറുതായ പിടിയാന കുഞ്ഞിന് സിറിഞ്ചിലാണ് പാല്‍ നല്‍കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ ഇത്തരത്തില്‍ പരിപാലനം തുടരുമെന്നാണ് അയുതായ അധികൃതര്‍ വിശദമാക്കുന്നത്. അമ്മയുടെ പാല്‍ സ്വയം കുടിക്കാന്‍ ആവുന്നത് വരെയും ഈ രീതിയില്‍ പാല്‍ നല്‍കണമെന്നാണ് അയുതായ അധികൃതരോട് വെറ്റിനറി വിദഗ്ധരും വിശദമാക്കിയിട്ടുള്ളത്. എന്തായാലും അപൂര്‍വ്വ ഇരട്ടകളെ കാണാന്‍ നിരവധി ആളുകളാണ് അയുതായയിലേക്ക് എത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K