13 June, 2024 09:04:11 AM
കുവൈത്ത് തീപിടുത്തം: മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു; രണ്ട് കോട്ടയം സ്വദേശികളും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 2 കോട്ടയം സ്വദേശികളും. പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29 ), ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി എന്നിവരാണ് മരിച്ച കോട്ടയം സ്വദേശികള്‍.
സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഷേർളി സാബുവാണ് മാതാവ്. സഹോദരങ്ങൾ: ഫെബിൻ (കുവൈറ്റ്), കെവിൻ (ഇസ്രായേൽ).
അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരില്‍ മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
മരിച്ച മറ്റു മലയാളികള്‍ കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരാണ്.