12 June, 2024 08:47:03 PM
കുവൈറ്റ് തീപിടുത്തം: മരിച്ചവരിൽ കോട്ടയം സ്വദേശിയും; മരണസംഖ്യ 49 ആയി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശിയും. പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്. സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഷേർളി സാബുവാണ് മാതാവ്. സഹോദരങ്ങൾ: ഫെബിൻ (കുവൈറ്റ്), കെവിൻ (ഇസ്രായേൽ).
കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം നിലവിൽ 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ ഏറെയും ഇന്ത്യക്കാരാണ്. മലയാളികൾ 11 പേർ എന്നാണ് വിവരം. ഇവരിൽ മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് നായർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിൽ ജോലിചെയ്യുന്നവരാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നവരിൽ ഏറെയും. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.
അതേ സമയം, കുവൈറ്റിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജിബ് രക്ഷപെട്ടെന്ന് വിവരം ലഭിച്ചതായി പിതാവ് ജലാൽ വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച ഷെമീറിന് ഒപ്പം കെട്ടിടത്തിൽ നിന്നും ചാടിയതാണ് നജീബ്. കുവൈറ്റ് എൻബിഡിസി ഓയിൽ കമ്പനിയിൽ 4 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നജീബ്.
നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.