12 June, 2024 05:25:53 PM
സത്യപ്രതിജ്ഞ വേദിയില്‍ തമിഴിസൈയെ പരസ്യമായി താക്കീത് ചെയ്ത് അമിത് ഷാ
ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തെലങ്കാന മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. തമിഴിസൈയെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനിഷ്ടത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ബിജെപിയുടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസനെയെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ അണ്ണാമലൈ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നും കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. തുടര്‍ന്ന് അണ്ണാമലൈക്കെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വെങ്കയ്യ നായിഡുവും അമിത് ഷായും സംസാരിച്ചിരിക്കേ വേദിയിലേക്ക് കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ ചെന്നൈ സൗത്തില്‍ തമിഴിസൈ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുഴുവന്‍ സീറ്റുകളിലും ഡിഎംകെ സഖ്യത്തിനായിരുന്നു വിജയം.