12 June, 2024 12:44:00 PM
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം; 24 പേർക്ക് പരിക്ക്
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയ പാതയിൽ ഗംഗ്‌നാനിക്ക് സമീപം ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിക്കുകയും ഡ്രൈവറടക്കം 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9.15 ഓടെ ഗംഗനാനിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സുരക്ഷ മതിൽ തകർത്ത് തോട്ടിലേക്ക് വീഴുകയായിരുന്നു.
29 തീർത്ഥാടകരുമായി ഗംഗോത്രിയിൽ നിന്ന് ഉത്തരകാശിയിലേക്ക് പോകുകയായിരുന്ന ബസ്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചതായും പരിക്കേറ്റവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ഭട്‌വാദി ആരോഗ്യ കേന്ദ്രത്തിലേക്കും അയച്ചതായും പോലീസ് അറിയിച്ചു.
ബസിലെ യാത്രക്കാരെല്ലാം ഡൽഹി, മഹാരാഷ്ട്ര, ഹൽദ്വാനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ രുദ്രാപൂർ സ്വദേശിയായ ദീപ തിവാരി, ഹൽദ്വാനി നിവാസികളായ നീമ ടെഡ, മീന റെക്വാൾ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.