12 June, 2024 09:29:13 AM


രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന് ഒരു സ്ത്രീയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് അവിശ്വസനീയം- ബോംബെ ഹൈക്കോടതി



മുംബൈ: കാണാതായ സ്ത്രീയെ മൂന്ന് മാസം കഴിഞ്ഞിട്ടും കണ്ടെത്താത്തതിന് മഹാരാഷ്ട്ര, രാജസ്ഥാന്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. യുവതിയെ കണ്ടെത്തി ജൂണ്‍ 20 ന് കോടതിയില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കോലാപ്പൂര്‍ പൊലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടു. കോലാപൂരില്‍ നിന്നുള്ള യുവതിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തിന് ഒരു സ്ത്രീയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

മിശ്രവിവാഹം അംഗീകരിക്കാത്ത പിതാവ് യുവതിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. അപേക്ഷ പ്രകാരം ദമ്പതികള്‍ 2022 ഫെബ്രുവരിയിലാണ് വിവാഹിതരായത്. 2023 നവംബറില്‍ ഇവര്‍ക്ക് ആണ്‍കുട്ടി ജനിച്ചു. 2024 ഫെബ്രുവരിയില്‍, പിതാവിന് സുഖമില്ലെന്നും മകളെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരു കുടുംബാംഗം യുവതിയെ അറിയിച്ചു. കൈക്കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചശേഷം യുവതി പിതാവിനെ കാണാന്‍ രാജസ്ഥാനിലേക്ക് പോയി. എന്നാല്‍ യുവതി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് ഭര്‍ത്താവ് പരാതി നല്‍കിയത്.


കഴിഞ്ഞ മാസം കേസ് പരിഗണിച്ച ഹൈക്കോടതി കോലാപൂര്‍ പൊലീസിനോട് രാജസ്ഥാനിലെത്തി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. യുവതിയുടെ രാജസ്ഥാനിലെ വസതിയില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ മുത്തശ്ശിമാരുടെയും അയല്‍വാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്ന് മാസമായി അമ്മയില്ലാതെ കഴിയുന്ന കുഞ്ഞിനോട് പൊലീസ് കരുതല്‍ കാണിക്കണമെന്ന് ബെഞ്ച് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K