30 May, 2024 08:18:26 PM


പുകയില നിർമ്മാണ കമ്പനികളുടെ പ്രലോഭനങ്ങൾക്കെതിരേ ജാഗ്രത വേണം- ഡോ. എൻ പ്രിയ



കോട്ടയം: പുകയില കമ്പനികൾ നവസിനിമകളിലൂടെയും, മാധ്യമങ്ങളിലൂടെയും കുട്ടികളുടെയിടയിൽ പുകയിലയുടെ പ്രചാരം വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ജില്ലാതല  ഉദ്ഘാടനം ഏറ്റുമാനൂർ ഐ.ടി.ഐയിൽ  നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡി.എം.ഒ.

കുട്ടിക്കാലത്ത് പുകയില ഉപഭോഗം തുടങ്ങുന്ന കുട്ടികൾ മുതിർന്നവരാകുമ്പോൾ പുകയിലക്കും മയക്കുമരുന്നിനും അടിമകളാകാൻ സാധ്യത കൂടുതാണെന്നും ഡി.എം.ഒ. പറഞ്ഞു.  മദ്യം, മയക്കുമരുന്ന്, എച്ച്.ഐ.വി എന്നിവയിലേക്കുള്ള വാതിലാണ് കുട്ടിക്കാലത്തെ പുകയില ഉപഭോഗം.  


പുകയിലയുടെ എല്ലാവിധ പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇവയുടെ പരസ്യങ്ങൾ അടങ്ങിയ ബോർഡുകൾ എവിടെയെങ്കിലും പ്രദർശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ 2003 ലെ പുകയില വിരുദ്ധ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡി.എം.ഒ. പറഞ്ഞു.  ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനായി പരിശോധന നടത്തും.  

യോഗത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.എ പ്രദീപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി.എൻ വിദ്യാധരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാജു വി ഇട്ടി, ജില്ലാ ടി.ബി ഓഫീസർ ഡോ ബാബു വർഗീസ്, അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോ. എസ് അനിൽകുമാർ, ഏറ്റുമാനൂർ മെഡിക്കൽ ഓഫീസർ ഡോ: അഞ്ജു സി. മാത്യു, ഏറ്റുമാനൂർ ഐ.ടി.ഐ  പ്രിൻസിപ്പൽ സിനി എം. മാത്യൂസ്, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K