07 May, 2024 07:51:17 PM
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം : ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്വർണ്ണ ഖനികളുടെ ഓഫീസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പാക്കിൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പാവുമ്പ ഭാഗത്ത് കുറ്റിയിൽ വീട്ടിൽ (കൊല്ലം കൊടിയൂർ മന്ദിരം മുക്ക് ഭാഗത്ത് വാടകയ്ക്ക് താമസം) അനസ് ഹബീബ് (29) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ല്‍ പാക്കിൽ സ്വദേശിയായ 42 കാരനിൽ നിന്നും ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്വർണ്ണഖനികളുടെ ഓഫീസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സെപ്റ്റംബർ മാസം മുതൽ പലതവണകളിലായി ഇയാളുടെ അക്കൗണ്ടിൽ നിന്നും നാലു ലക്ഷത്തി നാല്പത്തിരണ്ടായിരം (4,42000) രൂപ വാങ്ങി എടുക്കുകയും, പിന്നീട് ഇയാൾക്ക് ജോലി നൽകാതെയും പണം തിരികെ നൽകാതെയും ഇയാളെ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടി കൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. ഐ സജീർ,സി.പി.ഓ മാരായ പ്രിൻസ്, അനുരൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.