29 March, 2024 02:09:15 PM


സൂര്യനമസ്ക്കാരം മുതല്‍ ശവാസനം വരെ: മരങ്ങാട്ടുപിള്ളിയില്‍ 'യോഗാ നാട്യം' തരംഗമാകുന്നു



പാലാ: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ആര്യാ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള യോഗാ ക്ളബ്ബ് നാട്ടില്‍ തരംഗമാവുകയാണ്. യോഗാ പരിശീലനത്തോടൊപ്പം നാട്യമുദ്രകള്‍ കൂടി സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന 'യോഗാ നാട്യം' എന്ന നൃത്തശില്പം ഇതിനകം നിരവധി വേദികള്‍ പിന്നിട്ടു കഴിഞ്ഞു. 

യോഗാ പരിശീലനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21-ന്  അവതരിപ്പിച്ച പരിപാടി, തുടര്‍ന്ന് പല സ്ഥലങ്ങളിലും ആവശ്യപ്രകാരം നടത്തിയതോടെ തരംഗമാവുകയായിരുന്നു.   

മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തിലും ഇല്ലിക്കല്‍ ഗവ. സ്ക്കൂള്‍, കുറവിലങ്ങാട് കുടുംബശ്രീ ഉത്സവം, മൂത്തേടത്തു കാവ്, ആണ്ടൂര്‍ ക്ഷേത്രം, മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവത്തിന്‍റെ ഭാഗമായും അവതരിപ്പിച്ചതോടെ മികച്ച പ്രതികരണവും ലഭിച്ചു കഴിഞ്ഞു. ഏപ്രില്‍ 17ന് ആണ്ടൂര്‍ ഗന്ധര്‍വ്വ സ്വമി ക്ഷേത്രോത്സവത്തിലും യോഗാ നാട്യം അരങ്ങേറും. പതിനാറോളം അംഗ ടീം പങ്കെടുക്കുന്ന ഈ ഹൃസ്വ പരിപാടി നിലവില്‍ പ്രതിഫലം വാങ്ങാതെയാണ്  അവതരിപ്പിക്കുന്നത്.

സൂര്യ നമസ്ക്കാരം മുതല്‍ ശവാസനം വരെയുള്ള വിവിധ യോഗാസന മുറകള്‍ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ ക്ളാസിക്കല്‍ നൃത്ത ശില്പമാക്കി അവതരിപ്പിക്കുന്നവരില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും സ്ത്രീകളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പടെയുള്ളവരെ കൂടാതെ പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് ഉഷ രാജു, മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍, സലിമോള്‍ ബെന്നി തുടങ്ങിയവരും പങ്കുചേരുന്നു.

ആണ്ടൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഹെല്‍ത്ത് & വെല്‍നെസ് സെന്‍റര്‍, പെെക്കാട്, നെല്ലിത്താനത്തുമല, പാലക്കാട്ടുമല, പരതേപ്പതി എന്നിവിടങ്ങളിലായി നൂറോളം പേര്‍ യോഗ പരിശീലിക്കുന്നുണ്ട്. പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റിയുടെയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും ഇതിന്‍റെ പിന്നിലുണ്ട്.

മികച്ച സേവനവും ക്രമീകരണങ്ങളും സൗകര്യങ്ങളും പ്രവര്‍ത്തന മികവും ഉള്‍പ്പടെയുള്ള നിരവധി മാനദണ്ഡങ്ങള്‍ മറികടന്ന്  ഈയിടെ ദേശീയ അംഗീകാരമായ NABH അക്രെഡിറ്റേഷന്‍ കുടി  ആരോഗ്യ മന്ത്രിയില്‍ നിന്ന് ലഭിച്ചതോടെ സെെക്യാട്രി ഉള്‍പ്പടെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ഈ സര്‍ക്കാര്‍ ആശുപത്രിയില്‍  ലഭ്യമാക്കിയിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K