08 March, 2024 08:57:26 PM


വസ്തുതര്‍ക്കം: മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ



ഈരാറ്റുപേട്ട: വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ മധ്യവയസ്കനെയും, സുഹൃത്തിനെയും   കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി ഭാഗത്ത് ആറ്റുവായിൽ വീട്ടിൽ മഹേഷ് വിജയൻ (41), പെരുമ്പായിക്കാട് ചവിട്ടുവരി ഭാഗത്ത് പുത്തൻപറമ്പ് കാരിട്ടയിൽ വീട്ടിൽ  അലിഅക്ബർ (24), പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് പോത്തേരിയിൽ വീട്ടിൽ രതീഷ് പി.ആർ (40), കൂരോപ്പട കോത്തല ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ മനോജ് റ്റി.ജി (43) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ സംഘം ചേർന്ന്  രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3:30 മണിയോടുകൂടി വാഗമൺ കുരിശുമല ഭാഗത്തുള്ള ഹിൽപാലസ് റിസോർട്ടിന് സമീപം വച്ച് ചെമ്മലമറ്റം സ്വദേശിയായ  മധ്യവയസ്കനെയും, സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വാഗമൺ കുരിശുമല ഭാഗത്തുള്ള വസ്തുവിന്റെ പേരിൽ ഇരു കൂട്ടർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ മധ്യവയസ്കനെയും ഇയാളുടെ സുഹൃത്തിനെയും ആക്രമിച്ചത്. ഇവർക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും, തുടർന്ന് വടിയും, കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്  കടന്നുകളയുകയും ചെയ്തു. 

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ  തിരിച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ മാരായ ജിബിൻ തോമസ്, ഇക്ബാൽ പി.എ, എ.എസ്.ഐ മണി കെ.കെ, സി.പി.ഓ മാരായ ജോബി ജോസഫ്, അനീഷ് കെ.സി, ബിനു എം.വി, അനീഷ് കുമാർ റ്റി.എസ്, അനൂപ് സത്യൻ, മാർട്ടിൻ ജോൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K