05 March, 2024 10:21:57 PM


ദേശീയ വിശ്വകർമ്മ പാർലമെന്റ് : ആർ എൽ എം അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ ചെയർമാൻ

 

പാട്ന: വിശ്വകർമ്മർ  രാജ്യത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ അവിഭാജ്യ ഘടകമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും RLM ദേശീയ അദ്ധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. വിശ്വകർമ്മ രോടുള്ള ഭരണകൂടങ്ങളുടെ അവഗണന അവസാനിപ്പിക്കണമെന്നും, സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ  മാറിയ തൊഴിൽ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ കമ്മീഷനെ നിയമിക്കാൻ തയ്യാറാവണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

ബീഹാറിലെ മധേപ്പുരയിൽ ദേശീയ വിശ്വകർമ്മ പാർലമെന്റ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് മിഷൻ സജീവമാകുന്നതിനും ഐ ടി ഐ സ്ഥാപനങ്ങളും എഞ്ചിനീയറിംഗ്   കോളേജുകളും വ്യാപകമാകുന്നതിനും മുമ്പേ  നിർമ്മാണ മേഖലയിൽ പരമ്പരാഗത വിദ്യാഭ്യാസത്തിലൂടെ ഈ രാജ്യത്തെ കെട്ടിപ്പടുത്തത് കോടിക്കണക്കായ വിശ്വകർമ്മർ ആയിരുന്നുവെന്ന് ഉപേന്ദ്ര കുശ്വാഹ ചൂണ്ടിക്കാട്ടി.

മോദി സർക്കാർ വിശ്വകർമ്മ സമുദായത്തോട് ഏറെ ആഭിമുഖ്യം കാണിക്കുന്നത് താൻ നന്ദിയോടെ സ്മരിക്കുന്നു. മൂന്നാം എൻ ഡി എ സർക്കാരിന്റെ രൂപീകരണത്തിൽ വിശ്വകർമ്മർക്കു  വലിയ സംഭാവനകൾ ചെയ്യാൻ കഴിയും. 

സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കുവാൻ 10 വർഷം മുമ്പ്  കേരളത്തിലെ സർക്കാർ നിയമിച്ച ശങ്കരൻ കമ്മീഷന്റെ റീപ്പോർട്ട് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി പഠന റിപ്പോർട്ടുകളും രേഖകളും  വെളിച്ചം കാണാൻ ചില സ്ഥാപിത താൽപ്പര്യക്കാർ അനുവദിക്കുന്നില്ലെന്ന് കുശ്വാഹ കുറ്റപ്പെടുത്തി. 

വിശ്വകർമ്മ സമുദായത്തിലെ തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള ബാധ്യത സർക്കാരുകൾക്കുണ്ട്. പക്ഷേ അവർ സമുദായത്തെ മറക്കുകയാണ്. ഈ അവഗണനക്കെതിരെ ദേശീയ വിശ്വകർമ്മ പാർലമെന്റ് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ സമരം നടത്തുവാൻ  നേതൃത്വം കൊടുക്കുമെന്ന്  ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനം ഉപന്ദ്ര കുശ്വാഹയെ ദേശീയ ചെയർമാനായി തെരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K