02 March, 2024 04:50:54 PM


സാധുവല്ലാത്ത കാരണത്താൽ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃകോടതി



കോട്ടയം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പിൽനിന്ന് മതിയായ കാരണമില്ലാതെ ക്‌ളെയിം നിഷേധിച്ചെന്ന പരാതിയിൽ പലിശയടക്കം ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കേ മരിച്ച അമയന്നൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ ഉമ്മന്റെ ഭാര്യ ശോശാമ്മ നൽകിയ പരാതിയിലാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ്പ് അധികൃതർക്കും നിർദേശം.

 വർഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അമയന്നൂർ സ്വദേശി ഇ.കെ ഉമ്മനെ നെഞ്ചുവേദനയെത്തുടർന്ന് 2022 ജൂലൈ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് ബാധിതനാണെന്നും കണ്ടെത്തി. 2022 ഓഗസ്റ്റ് 21ന് ഉമ്മൻ മരിച്ചു. കോവിഡ് ബാധിതനായിരുന്നുവെങ്കിലും മരണകാരണം ഹൃദ്രോഗമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിരുന്നു. ചികിത്സാച്ചെലവിനായി ശോശാമ്മ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നിരസിച്ചതോടെയാണു പരാതിയുമായി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

 പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെളിവുകളും അവലോകനം ചെയ്ത കമ്മിഷൻ മെഡിസെപ് ആരോഗ്യപരിരക്ഷ പദ്ധതിയിൽ നിലവിലുള്ള രോഗങ്ങൾ ഒഴിവാക്കിയിട്ടില്ലായെന്നു നിരീക്ഷിച്ചു. മെഡിസെപ്പിൽ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ സൗജന്യചികിത്സയും പട്ടികയിൽപ്പെടുത്തിയിട്ടില്ലാത്ത ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കു ചെലവാകുന്ന തുക തിരിച്ചുനൽകുന്നതിനും വ്യവസ്ഥ ഉണ്ട്. പോളിസിയിൽ എമർജൻസി കെയർ എന്നു പറഞ്ഞിരിക്കുന്നത് പെട്ടെന്നുള്ള ഗുരുതരമായതും അപകടകരവുമായ സംഭവവും ഉടനടി നടപടി ആവശ്യമായ സാഹചര്യവുമാണ്. ഹൃദ്രോഗിക്ക് ഓരോ പ്രാവശ്യത്തെ വേദനയും അസ്വസ്ഥതയും വൈദ്യസഹായം ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യമാണ്. പരാതിക്കാരന്റെ അവകാശവാദം സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് നിരസിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി.

 ഇൻഷുറൻസ് ചെയ്തയാളെ സാധുവല്ലാത്ത കാരണങ്ങളാൽ നിരാകരിക്കുന്നത്  കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. മെഡിസെപ്പിൽ എൻറോൾ ചെയ്ത് ആരോഗ്യ പരിരക്ഷ എടുക്കുമ്പോൾ ശരിയായ രീതിയിലുള്ള ക്ലെയിം സെറ്റിൽമെന്റ് നടക്കുമെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് വഴി നൽകുന്ന ആനുകൂല്യം വസ്തുതാപരമല്ലാത്ത കാരണങ്ങളാൽ ഇൻഷുറൻസ് കമ്പനി നിരസിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് അധികൃതരുടെ ഉത്തരവാദിത്വമാണ്.

പരാതിക്കാരിയുടെ ഭർത്താവിന്റെ ഇൻഷുറൻസ് ക്ലെയിം അടിസ്ഥാനപരമല്ലാത്ത കാരണങ്ങളാൽ നിരസിക്കുന്നില്ലായെന്ന് ഉറപ്പുവരുത്താത്ത മെഡിസെപ് അധികൃതർ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവാദി ആണെന്ന് കമ്മിഷൻ കണ്ടെത്തി. ചികിത്സയ്ക്ക് ചിലവായ 2,59,820/ രൂപ  ഒമ്പതു ശതമാനം പലിശയോടെ നൽകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥയ്ക്ക് 20,000/ നഷ്ടപരിഹാരവും കോടതിച്ചിലവായി 5000/ രൂപയും  ഇൻഷുറൻസ് കമ്പനിയും മെഡിസെപ് അധികൃതരും ചേർന്നു നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K