29 February, 2024 11:16:41 AM


ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം



തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കി.ലോകായുക്തയുടെ തീർപ്പിന്മേല്‍ സർക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരംനല്‍കുന്ന ബില്ലില്‍ ഇതോടെ ഗവർണർക്ക് ഒപ്പിടേണ്ടിവരും.

ജുഡീഷ്യല്‍ സംവിധാനം അന്വേഷിച്ച്‌ കണ്ടെത്തുന്ന അഴിമതി, ഭൂരിപക്ഷമുള്ള സർക്കാരിന് പുനഃപരിശോധിക്കാമെന്നുവരുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യുന്നതാണെന്ന വാദത്തെ അനുകൂലിച്ച്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലില്‍ ഒപ്പിട്ടിരുന്നില്ല.

എന്നാല്‍, കേന്ദ്ര ലോക്പാല്‍ ബില്ലില്‍ സമാനവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്ന കാരണത്താലാണ് ബില്‍ അംഗീകരിക്കാമെന്ന ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് നല്‍കിയത്. രാഷ്ട്രപതി ഒപ്പിട്ട ബില്‍ ഗവർണർക്ക് രാജ്ഭവനില്‍ ലഭ്യമാക്കിയിട്ടുണ്ട്. രാജ്ഭവൻ ഇത് വിജ്ഞാപനംചെയ്യുന്നതോടെ ബില്‍ നിയമമാകും. അഴിമതിതെളിഞ്ഞാല്‍ പൊതുപ്രവർത്തകർ അവർ നിലവില്‍ വഹിക്കുന്ന അധികാരസ്ഥാനം ഒഴിയണമെന്നതായിരുന്നു സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോകായുക്ത നിയമം.

ഈ അധികാരം നല്‍കുന്ന നിയമത്തിലെ 12, 14 വകുപ്പുകള്‍ ഭേദഗതിചെയ്ത് അഴിമതി കണ്ടെത്തുന്നത് മുഖ്യമന്ത്രിക്കെതിരേയാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരേയാണെങ്കില്‍ മുഖ്യമന്ത്രിക്കും എം.എല്‍.എ.മാർക്കെതിരേയാണെങ്കില്‍ സ്പീക്കർക്കും പുനഃപരിശോധനനടത്തി തീരുമാനമെടുക്കാമെന്നാണ് ഭേദഗതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഭരണപക്ഷനേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നല്‍കിയത് പൊതുപ്രവർത്തകരുടെ അഴിമതിനിരോധനത്തിന്റെ പരിധിയില്‍ വരുമെന്നുകാണിച്ച്‌ പൊതുപ്രവർത്തകനായ ആർ.എസ്. ശശികുമാർ ലോകായുക്തയില്‍ നല്‍കിയ കേസ് സജീവമായിവരുന്ന ഘട്ടത്തിലാണ് ലോകായുക്തയുടെ അധികാരം സർക്കാർ കവരുന്നവിധത്തിലുള്ള നിയമഭേദഗതി വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K