20 February, 2024 06:35:05 PM


രോഗനിർണയം തെറ്റി; രോഗിക്ക് ആശുപത്രിയും ഡോക്ടറും 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം



കോട്ടയം: തെറ്റായ രോഗനിർണയത്തിലൂടെ ചികിത്സാ പിഴവു മൂലം ആരോഗ്യസ്ഥിതി മോശമായി എന്ന പരാതിയിൽ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വൈക്കം ചെമ്മനാംകരിയിലുള്ള ഇൻഡോ-അമേരിക്കൻ ആശുപത്രിയോടും ചികിത്സകനായ ന്യൂറോളജിസ്റ്റ് ഡോ. കെ. പരമേശ്വരനോടും ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. തൊടുപുഴ കോടിക്കുളം സ്വദേശി എൻ.കെ. സുകുമാരന്റെ പരാതിയിലാണ് ഉത്തരവ്.

കഴുത്തുവേദനയെതുടർന്ന് 2016ലാണ് വൈക്കം ചെമ്മനാംകരിയിലുള്ള ഇൻഡോ അമേരിക്ക ആശുപത്രിയെ സുകുമാരൻ സമീപിച്ചത്. എം.ആർ.ഐ. പരിശോധനയുടെ അടിസ്ഥാനത്തിൽ ടിബി രോഗമാണെന്നു നിർണയിച്ച ഡോ. കെ പരമേശ്വരൻ സ്‌റ്റെപ്‌റ്റോമൈസിൻ 1000 എം.ജി. എന്ന മരുന്നാണ് നിർദേശിച്ചത്. ദിവസങ്ങൾക്കകം ആരോഗ്യസ്ഥിതി മോശമായ പരാതിക്കാരൻ വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ ഈ മരുന്നിനു പകരം മറ്റൊരു മരുന്നു നിർദേശിച്ചു.

തുടർന്നു പരാതിക്കാരൻ കോട്ടയം മെഡിക്കൽ കോളേജിനെ സമീപിക്കുകയും അവിടെ വീണ്ടും നടത്തിയ എം.ആർ.ഐ. പരിശോധനയിൽ നട്ടെല്ലിൽ അസ്ഥിരോഗം മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നും മറ്റ് അസുഖങ്ങളൊന്നും ഇല്ലായെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് 2017 ൽ കോട്ടയം ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. രോഗനിർണയത്തിനാവശ്യമായ അനുബന്ധ പരിശോധനകൾ ഒന്നുംതന്നെ നടത്താതെ തെറ്റായ രോഗനിർണയത്തിലൂടെ മറ്റു മരുന്നുകൾ നൽകി പരാതിക്കാരന്റെ ആരോഗ്യനില മോശമാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവനന്യൂനതയും മെഡിക്കൽ അശ്രദ്ധയുമാണെന്ന് കമ്മീഷൻ കണ്ടെത്തി.

പരാതിക്കാരനുണ്ടായ മാനസികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒന്നാം എതിർകക്ഷിയായ ഡോ.കെ പരമേശ്വരനും രണ്ടാം എതിർകക്ഷിയായ ഇൻഡോ അമേരിക്ക ആശുപത്രിയും ചേർന്ന് 3,00,000/- രൂപ നഷ്ടപരിഹാരം നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റൃ, അഡ്വ. ആർ. ബിന്ദു. കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K