15 February, 2024 03:11:26 PM
ഏറ്റുമാനൂർ ക്ഷേത്രം : ദേവസ്വം ബോർഡ് പ്രസിഡന്‍റിനുള്ള തുറന്ന കത്ത് വൈറലാകുന്നു
കോട്ടയം : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മറ്റും ചൂണ്ടികാണിച്ച് ഒരു ഭക്തൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു. ഏതാനും ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയ ഭക്തന്‍റെ കുറിപ്പ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്.
ഉത്സവത്തിന് കൊടികയറിയ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി. എസ്.പ്രശാന്ത് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം തിരിച്ചു പോയതിന് പിന്നാലെയാണ് കത്ത് പ്രചരിച്ചു തുടങ്ങിയത്. ക്ഷേത്രത്തിലെ ഭരണസംവിധാനത്തിന് പുറമേ ജീവനക്കാരുടെ വീഴ്ചകളും നാദസ്വരം തുടങ്ങിയ ക്ഷേത്രകലകളിൽ പരിചയ സമ്പന്നരല്ലാത്തവരുടെ സേവനവും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറിപ്പിൽ തുറന്ന് കാട്ടുന്നു.
ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവചടങ്ങുകളിൽ പങ്കെടുക്കുന്ന മറ്റ് ഭക്തർ വിവിധ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. ഉത്സവബലി ദർശനത്തിന് ഉണ്ടാവുന്ന അഭൂതപൂർവമായ തിരക്കും അത് നിയന്ത്രിക്കുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയും എല്ലാം പരാതിക്കിടയായിട്ടുണ്ട്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭക്തന്‍റെ കുറിപ്പ് ചുവടെ.
"തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഒരു തുറന്ന കത്ത്
താങ്കൾ ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂർ ക്ഷേത്ര ഉത്സവത്തിന് എത്തിയല്ലോ, ഇവിടുത്തെ ബാഹ്യ സ്വീകരണത്തിൽ മയങ്ങി തിരിച്ചു പോവുകയും ചെയ്തിട്ടുണ്ട്, ഏറ്റുമാനൂർ ക്ഷേത്ര ജീവനക്കാരുടെ വൈകൃതങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടാൻ സാധ്യത ഇല്ല, അത് ചെയ്തു നിങ്ങളുടെ കണ്ണിൽ കരടാകാൻ ബുദ്ധിയുള്ള ഉദ്യോഗസ്ഥർ തയ്യാറാവുകയുമില്ല. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഇപ്പോൾ ജോലിചെയ്യുന്ന ജീവനക്കാർ നിർഭാഗ്യവശാൽ രാഷ്ട്രീയ താല്പര്യമോ, സാമ്പത്തിക താല്പര്യമോ മാത്രം വച്ചു ജോലി ചെയ്യുന്നവർ എന്ന് പറയേണ്ടിവരും. ജോലി കാര്യത്തിൽ പ്രാഥമിക പരിജ്ജാനം പോലുമില്ലാത്ത ജീവനക്കാർ ആണ് ഇപ്പോൾ ഉള്ളത്. നാദസ്വരം ജീവനക്കാരൻ cpm പ്രതിനിധി ആയതുകൊണ്ട് മാത്രം ജോലി ചെയ്യുന്ന ആളാണ്. ഇയാൾക്ക് ഈ വിഷയത്തിൽ യാതൊരു അറിവുമില്ല, ഇദ്ദേഹത്തിന് സർട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് അന്വേഷിക്കേണ്ടതാണ്, ദീപാരാധന സമയത്ത് പോലും ഇയാളെ നാദാസ്വരം പഠിപ്പിക്കുന്നത് നിത്യ കാഴ്ച്ച ആണ്. കീഴ്‌ശാന്തിമാരാണ് അടുത്തതായി പറയേണ്ടത്, ഏറ്റുമാനൂർ ഗ്രൂപ്പിൽ ഏറ്റവും മോശം ബാക്ക് ഗ്രൗണ്ട് ഉള്ളവർ എങ്ങനെ ഇവിടെ ഡ്യൂട്ടി കിട്ടി എന്ന് പരിശോധിക്കണം. ക്ഷേത്രത്തിൽ വഴിപാടായി വന്ന സ്വർണ്ണം തിരിമറി നടത്തി നടപടി നേരിട്ട ആൾ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഇപ്പോൾ വ്യാപകമായി കൊള്ള നടത്താൻ അവസരം കൊടുത്തത് ആരെന്നു പരിശോദിച്ചു വേണ്ട നടപടി എടുക്കണം. പൂജാകാര്യത്തിൽ ഒരു അറിവും ഇല്ല എന്ന് ആർക്കും ഒറ്റനോട്ടത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന ശാന്തിയും, ചർമ്മരോഗം ബാധിച്ച ഒരാളും, മുറുക്കാൻ വായിൽ ഇട്ടുനടക്കുന്ന ഒരാളും ചേർന്ന നാല്അംഗസംഘമാണ്, പ്രസാദ വിതരണം എന്ന പേരിൽ ഭക്തരെ പിഴിയുന്ന കാഴ്ച്ച കാണാവുന്നതാണ്. ഇപ്പോൾ ഈ മഹാക്ഷേത്രത്തിൽ ഉള്ളത്. അനധികൃത ജോലിക്കാരുടെ കേന്ദ്രം ആണ് ഇപ്പോൾ ഈ ക്ഷേത്രം. ശീവേലിക്ക് വിളക്ക് എടുക്കുന്നത് ഏറ്റുമാനൂറെ എണ്ണം പറഞ്ഞ മദ്യപാനികൾ ആണ്. വാച്ചർ വിഭാഗം ഭക്തർ ഭാഗവാന് സമർപ്പിക്കുന്ന എണ്ണ ഊറ്റി മറിച്ചു വിൽക്കാൻ മാത്രം ബദ്ധശ്രദ്ധർ ആണ്. ഇവിടെ പല ജോലിക്കാരും അവരുടെ സ്വാധീനം ഉപയോഗിച്ച് വീടുകളിൽ നിന്ന് വളരെ അകലെ ഉള്ള ഈ ക്ഷേത്രത്തിൽ വന്നു ജോലി ചെയ്യുന്നത് ഭക്തി കൊണ്ടല്ല എന്ന് ഭക്തജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ചോറൂണ് തുലാഭാരം എന്നിവ നടക്കുന്ന സന്ദർഭത്തിൽ പാവപ്പെട്ട ഭക്തരുടെ ചടങ്ങുകൾക്ക് നാദസ്വരം ഉൾപ്പെടെ ഉണ്ടാവാറില്ല, പകരം ചെണ്ട ആരെങ്കിലും കൊട്ടി പൈസ വാങ്ങുന്ന രീതി ആണ് കണ്ടുവരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായി ഓഫീസ് വരാന്തയിൽ നിന്ന് സംസാരിക്കുന്ന നാദസ്വരക്കാരനോട് പോയി ഇങ്ങനെ ഉള്ള ചടങ്ങിന് പോയി വായിക്കാൻ പറയാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകാത്തത് കഷ്ടം ആണ്. ജീവനക്കാർ ഇത്തരം ചടങ്ങുകൾക്ക് പ്രതിഫലം വാങ്ങുന്നത് നിരോധിക്കേണ്ടതാണ്. ഈ ക്ഷേത്രത്തിന്റെ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ രസീതിൽ ചെറിയ തുക എഴുതി കൂടുതൽ വാങ്ങുന്ന രീതി ആണ്. ശാന്തിക്കാർ നേരിട്ടു പൈസ വാങ്ങി വഴിപാട് നടത്തിക്കൊടുക്കുന്നത് കാണാൻ കഴിയും, അങ്ങനെ നേരിട്ടു കൊടുക്കുന്നവർക്ക് പ്രേത്യേക പരിഗണനയും കിട്ടുന്നു. മറ്റൊരു ക്ഷേത്രം ആയ അന്തിമഹാകാളൻ ക്ഷേത്രം ഒരു ശാന്തിക്കാരന്റെ സൗകര്യത്തിന് വിട്ടുകൊടുത്തിരിക്കുന്നു, രസീത് എഴുതാൻ ആളില്ല, എല്ലാം നേരിട്ടു. ഭജന മന്ദിരം എന്ന പേരിൽ ഉള്ള ക്ഷേത്രത്തിന്റെ കെട്ടിടം ഒരു മദ്യശാലയും, സാമൂഹിക വിരുദ്ധ കേന്ദ്രവും ആയി മാറിയിരിക്കുന്നു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ, എപ്പോഴും ഇവിടെ ക്യാമ്പ് ചെയ്യുന്ന വിജിലൻസ്, ഡെപ്യൂട്ടി കമ്മിഷണർ എന്നിവരുടെ മൂക്കിന് കീഴിൽ ആണ് ഈ ആഭാസങ്ങൾ നടക്കുന്നത്. പല ജീവനക്കാരും സ്വന്തം വീട്ടിൽ പോകാതെ ഇവിടത്തെ മുറികൾ സ്വന്തം എന്നപോലെ വാടക ഇല്ലാതെ ഉപയോഗിക്കുന്നു. ഭക്തജനങ്ങൾ ചെറിയ തുകക്ക് താമസ സൗകര്യം ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു മുറി വല്ലതും അനുവദിച്ചു ബാക്കി മുറികൾ തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. ഇവിടെ cctv നിരീക്ഷണവും അഭികാമ്യം ആണ്. പലരെയും ക്ഷേത്രത്തിനകത്തു മദ്യം മണക്കുന്നുണ്ട്. വളരെ വർഷങ്ങൾ ഇവിടെ ജോലി ചെയ്തവരെ ഉടൻ ഇവിടെ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെടുന്നു. ജീവനക്കാരുടെ സ്വത്തു, ബാധ്യത വിവരങ്ങൾ സംബന്ധിച്ച് ഒരു അന്വേഷണവും ഉചിതമാണ്. ബ്രീത്തഅനലൈസർ പരിശോധന കഴിഞ്ഞു മാത്രം ഡ്യൂട്ടിക്ക് കയറാൻ അനുവദിക്കുന്നതും, ജീവനക്കാർക്ക് പൊതുവായ തുറന്ന വിശ്രമസ്ഥലവും ക്ഷേത്രം സാമൂഹിക വിരുദ്ധരുടെ കൈയ്യിൽ നിന്ന് മോചിപ്പിക്കാൻ നല്ലതാണ്.
ഒരു ഭക്തൻ"