25 January, 2024 04:30:41 PM
1630 കോടി രൂപ പോയത് 20 അക്കൗണ്ടുകളിലേക്ക്; മുൻകൂർ ജാമ്യം തേടി ഹൈറിച്ച് ദമ്പതികൾ
കൊച്ചി:ഹൈറിച്ച് തട്ടിപ്പുകേസില്‍ നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ പോയത് 4 സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്ക് എന്ന് സൂചന. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകള്‍ തുറന്നത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വീട്ടില്‍നിന്ന് മുങ്ങിയ ദമ്പതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാ്ച പരിഗണിക്കും.
പലചരക്ക് ഉത്പന്നങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് മണിചെയിന്‍ ഇടപാടു നടത്തിയത്. 2019ല്‍ ആണു ചേര്‍പ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേര്‍ന്നു കമ്പനി ആരംഭിച്ചത്.
ഡെപ്പോസിറ്റ് ഗ്രോസറി കണ്‍സൈന്‍മെന്റ് അഡ്വാന്‍സ് എന്ന പേരിലാണു കമ്പനി മണിചെയിന്‍ ഇടപാടിലേക്കു നിക്ഷേപകരെ ചേര്‍ത്തിരുന്നത്. 700 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ചു കമ്പനിയില്‍ നിന്നു പലചരക്കു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു പ്രിവിലേജ് കസ്റ്റമറായി മാറാമാമെന്നും 100 രൂപ ഉടന്‍ മടക്കി നല്‍കുമെന്നും കമ്പനി വിശ്വസിപ്പിച്ചു. 10,000 രൂപയുടെ നിക്ഷേപകനെ ചേര്‍ത്താല്‍ 1000 രൂപ ഇന്‍സെന്റീവ് ആയും നല്‍കി. 10,000 രൂപ നിക്ഷേപിക്കുന്നവര്‍ക്കു മാസം 400 രൂപ പലിശയായിരുന്നു വാഗ്ദാനം.