19 January, 2024 02:58:45 PM


ബിൽക്കിസ് ബാനോ കേസ്: 11 പ്രതികളും ഞായറാഴ്ച ജയിലിൽ എത്തണം- സുപ്രീം കോടതി



ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. കേസിലെ 11 പ്രതികളും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണു നിർദേശിച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8 നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മുഴുവൻ പ്രതികളും ജയിലിൽ തിരികെ എത്തണമെന്നും നിർദേശിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണു കേസിലെ പ്രതികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K