15 January, 2024 04:26:42 PM
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; 79 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ജന ജീവിതം ദുസ്സഹമാക്കി അതിശൈത്യം തുടരുന്നു. തണുപ്പിൻ്റെ കാഠിന്യം ഏറ്റവും വര്‍ധിച്ച ദിവസങ്ങളിലൂടെയാണ് ഉത്തരേന്ത്യ കടന്നു പോകുന്നത്. റെയില്‍ റോഡ് വ്യോമ ഗതാഗതത്തെ മൂടല്‍ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 79 വിമാനങ്ങള്‍ റദ്ദാക്കി. മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലി ഗോവ ഇൻഡിഗോ വിമാനം വൈകുമെന്ന് അനൗണ്‍സ് ചെയ്യുന്നതിനിടെ പൈലറ്റിനെ യാത്രക്കാരൻ മര്‍ദിച്ചു. സഹില്‍ കടാരിയ എന്ന യാത്രികനാണ് മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ ഇൻഡിഗോ പരാതി നല്‍കി. ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകളും വൈകി. സംഭവത്തില്‍ വ്യോമയാന സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഇൻഡിഗോ വിമാനങ്ങള്‍ വൈകിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഹ് ലെ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. വരും ദിവസങ്ങളിലും ശൈത്യ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.