09 January, 2024 06:48:39 PM
ആരോഗ്യ പ്രശ്നങ്ങളില്ല: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. രാഹുലിനെ ജനുവരി 22 വരെ റിമാൻഡ് ചെയ്യാനും കോടതി വിധിച്ചിട്ടുണ്ട്. വിശദമായ മെഡിക്കൽ പരിശോധനയുടെ ഫലം വന്നതിനു പിന്നാലെയാണ് വഞ്ചിയൂർ കോടതി രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി നിർദേശത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരലെന്ന് കോടതി പറഞ്ഞു. പൊലീസിനെ അക്രമിച്ച പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചു. സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ രാഹുലിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാർച്ചിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ ആക്രമിച്ചു എന്നാണ് പൊലീസിന്‍റെ ആരോപണം. രാഹുലിന് ജാമ്യം നൽകിയാൽ അതു തെറ്റായ സന്ദേശം നൽകുന്നതിനു തുല്യമാകുമെന്നാണ് ജാമ്യത്തെ എതിർത്തു കൊണ്ട് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാത്തിയും ഷീൽഡും അടിച്ചു പൊട്ടിക്കുന്ന വീഡിയോയും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
നവകേരള സദസ് യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ് പ്രവർത്തകരും ചേർന്ന് കെഎസ്യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. ഷാഫി പറമ്പിൽ എംഎൽഎയും രാഹുൽ മാങ്കൂട്ടത്തിലുൾപ്പെടെ കണ്ടാലറിയാവുന്ന 500 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി ചേർത്താണ് കേസെടുത്തത്.