08 January, 2024 12:31:58 PM
സ്ത്രീ സുരക്ഷ: ആദ്യ 5 നഗരങ്ങളില്‍ ഇടംപിടിച്ച് കൊച്ചിയും തിരുവനന്തപുരവും
കൊച്ചി: സ്ത്രീ സുരക്ഷയില്‍ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചിക്ക്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ അവതാര്‍ എന്ന സ്ഥാപനത്തിന്റെ 'ദ് ടോപ് സിറ്റീസ് ഫോര്‍ വിമൻ ഇൻ ഇന്ത്യ" റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഒരു കോടിയില്‍ താഴെ ജന സംഖ്യയുയുള്ള 64 നഗരങ്ങളുടെ പട്ടികയില്‍ നിന്നാണ് കൊച്ചിയെ തിരഞ്ഞെടുത്തത്.
നാലാം സ്ഥാനം തിരുവനന്തപുരത്തിനാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കും വെല്ലൂരിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. കോഴിക്കോടിനാണ് 11-ാം സ്ഥാനം. 2022ല്‍ ആദ്യ പഠനം നടത്തിയപ്പോള്‍ കൊച്ചിയും കോഴിക്കോടും പട്ടികയില്‍ ഉണ്ടായിരുന്നില്ല.
കൂടുതല്‍ തൊഴിലവസരങ്ങള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവ കണക്കിലെടുത്താണ് കൊച്ചിയെ തിരഞ്ഞെടുത്തത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതില്‍ താഴെയുള്ള നഗരം എന്നിങ്ങനെ ആകെ 113 നഗരങ്ങളിലായിരുന്നു പഠനം. 1200 വനിതകളില്‍ നിന്ന് അഭിപ്രായംതേടി. ഉയര്‍ന്ന ജീവിത നിലവാരം, വിദ്യാഭ്യാസ-താമസ സൗകര്യങ്ങള്‍, ക്രഷുകള്‍ എന്നിവയുടെ നിലവാരം കൊച്ചിക്കു നേട്ടമായി.
സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള്‍ കൊച്ചിയിലുണ്ടെന്ന് സര്‍വേ പറയുന്നു. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി, നല്ല റോഡുകള്‍, രാത്രികാല പട്രോളിംഗ് എന്നിവ ഉദാഹരണം. കുറ്റകൃത്യങ്ങള്‍ വളരെ വേഗം തെളിയിക്കുകയും നിയമസഹായങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നു.
കുട്ടികളെയും മുതിര്‍ന്നവരെയും ഏല്പിച്ച് സ്ത്രീകള്‍ക്ക് ജോലിക്ക് പോകാൻ കഴിയുന്ന ക്രഷുകള്‍, പകല്‍ വീടുകള്‍ എന്നിവയും കൊച്ചിയുടെ പ്രത്യേകതയാണ്. സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് അകറ്റിനിറുത്തുന്നതടക്കമുള്ള നിലപാടുകള്‍ കൊച്ചിയില്‍ കുറവാണെന്നും സര്‍വേയില്‍ പറയുന്നു.