30 December, 2023 08:09:17 AM
ഇസ്രയേല്‍ എംബസിക്ക് പിന്നിലെ സ്ഫോടനം ടൈമര്‍ ഉപയോഗിച്ച്?: അജ്ഞാതര്‍ക്കെതിരെ കേസ്,
ന്യൂഡൽഹി : രാജ്യത്തെ ഇസ്രയേല്‍ എംബസിക്ക് പുറകിലെ സ്ഫോടനത്തില്‍ ടൈമര്‍ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധന പൂര്‍ത്തിയായി സ്ഫോടകവസ്തുവിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നത് എന്ന സംശയത്തിലാണ് അന്വേഷണ സംഘം. 12 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എൻഎസ്ജി പരിശോധന പൂര്‍ത്തിയാക്കി ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
കേസെടുത്തത് അജ്ഞാതര്‍ക്കെതിരെയാണ്. സ്ഫോടനത്തിന് പിന്നില്‍ ആരെന്ന് ഇനിയും കണ്ടെത്താനായില്ല. സംഭവം ഭീകരാക്രമണമാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതേസമയം, ദില്ലിയിലെ സ്ഫോടത്തില്‍ അന്വേഷണം തുടരുന്നതിനിടെ രണ്ട് മാസം മുന്‍പ് ഭീഷണിയുണ്ടെന്ന് ഇസ്രയേല്‍ എംബസി, ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. അംബാസിഡര്‍ക്കെതിരെ ഭീഷണിയുണ്ടെന്നും എംബസിയുടെ സുരക്ഷ കൂട്ടണമെന്നുമായിരുന്നും ഇസ്രയേലിന്‍റെ ആവശ്യം.
സ്ഫോടന സ്ഥലത്ത് നിന്ന് ഇസ്രയേല്‍ അംബാസിഡര്‍ക്കായി എഴുതിയ കത്ത് കണ്ടെത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേര്‍ന്നിട്ടില്ല. ഇസ്രായേല്‍ അംബാസിഡര്‍ നഓര്‍ ഗിലോണിന് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നും എംബസി വിദേശകാര്യമന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഒക്ടോബര്‍ പകുതിയോടെയാണ് ഭീഷണികള്‍ അംബാസിഡര്‍ക്ക് നേരെ ഉണ്ടായത്. എന്നാല്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യ സുരക്ഷ വര്‍ധിപ്പിച്ചിരുന്നോ എന്നത് സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഫോടന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും എംബസിയോട് ജാഗ്രത പുലര്‍ത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്‍മാരോട് ആള്‍ക്കൂട്ട സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും രാജ്യം നിര്‍ദേശിച്ചിരുന്നു.