27 December, 2023 11:13:32 AM
ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍
മഡഗാസ്കര്‍: മഡഗാസ്കറില്‍ മുപ്പത്തിയേഴുകാരിയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. എന്താണ് വയറുവേദനയുടെ കാരണം എന്നറിയാൻ വിശദപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഞെട്ടിക്കുന്നതായിരുന്നു ഫലം. യുവതി ഗര്‍ഭിണിയാണെന്നത് മാത്രമല്ല, ഗര്‍ഭധാരണം നടന്നിരിക്കുന്നത്, അല്ലെങ്കില്‍ കുഞ്ഞ് ഇരിക്കുന്നത് ഗര്‍ഭപാത്രത്തിന് പുറത്തായാണ്.
ഇങ്ങനെ ഗര്‍ഭപാത്രത്തിന് പുറത്തായി ഗര്‍ഭധാരണം നടക്കുന്ന കേസുകളും ഉണ്ടാകാറുണ്ട്. ഇത് അധികവും ഫാലോപ്പിയൻ ട്യൂബ്സ് എന്ന് പറയുന്ന ഭാഗത്താണുണ്ടാവുക. ഗര്‍ഭപാത്രത്തിന് പുറത്തുതന്നെ. പക്ഷേ ഇത്തരം കേസുകളില്‍ കുഞ്ഞും അമ്മയും ഒരുപോലെ ജീവന് ഭീഷണി നേരിടും. ഡോക്ടര്‍മാര്‍ പോലും 'ഗ്യാരണ്ടി' നല്‍കാൻ മടിക്കും.
പക്ഷേ ഈ യുവതിയുടെ കേസില്‍ അതിശയകരമായി അടിവയറ്റില്‍ സുരക്ഷിതമായി കുഞ്ഞ് ഒരു ആവരണത്തിനുള്ളില്‍ വളരുകയായിരുന്നു. എങ്കിലും തുടര്‍ച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ആവശ്യമായി വന്നു. ആറാം മാസത്തിലാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം മനസിലാകുന്നത്.
ഇതിന് ശേഷം ഡോക്ടര്‍മാരുടെ സഹായത്തോടെ ഒന്നര മാസം കൂടി പിന്നിട്ടു. തുടര്‍ന്ന് ഏഴ് മാസത്തിനിപ്പുറം സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആദ്യം തന്നെ കുഞ്ഞുങ്ങളുടെ ഐസിയുവിലേക്ക് മാറ്റേണ്ടിവന്നു. പിന്നെയും രണ്ട് മാസം എടുത്തു, കുഞ്ഞ് ജീവിതത്തിലേക്ക് വരുമോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കാൻ. എന്തായാലും സമയബന്ധിതമായ മെഡിക്കല്‍ കെയര്‍ കിട്ടയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി ജീവിതത്തിലേക്ക് മടങ്ങി. അപൂര്‍വമായ കേസ് പഠനങ്ങള്‍ക്ക് ആധാരമാവുകയാണിപ്പോള്‍.