19 December, 2023 02:38:17 PM


പമ്പ സ്പെഷ്യല്‍; സ്റ്റേഷനില്‍ രണ്ടിൽ കൂടുതൽ ബസുകൾക്ക് റയില്‍വേയുടെ വിലക്ക്



കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷല്‍ സര്‍വിസ് അധിക ബസുകളുടെ പാര്‍ക്കിങ് വിലക്കി റെയില്‍വേ. രണ്ടു ബസ് മാത്രം നിര്‍ത്തിയിട്ടാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കി. 

ആഴ്ചാവസാനം ആയതിനാല്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് 11 ബസ് കൂടുതല്‍ അനുവദിച്ചിരുന്നു. ഈ ബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും പാര്‍ക്കിങ്ങിന് ഇടമില്ലാത്തതിനാല്‍ മടങ്ങിപ്പോയി. റെയില്‍വേ സ്റ്റേഷൻ വളപ്പിനകത്ത് പില്‍ഗ്രിം സെന്‍ററിനു സമീപത്തെ റോഡരികിലാണ് ബസുകള്‍ സാധാരണ നിര്‍ത്തിയിടാറുള്ളത്. 

എന്നാല്‍, ഞായറാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കോട്ടയം. റെയില്‍വേ സ്റ്റേഷനിലാണ് ഏറ്റവുമധികം തീര്‍ഥാടകര്‍ വന്നിറങ്ങുന്നത്.

സ്പെഷല്‍ ട്രെയിനുകളില്‍ വരുന്ന ഭക്തര്‍ക്ക് യാത്ര ചെയ്യാൻ എരുമേലി, പപമ്പ  ഓരോ സര്‍വിസ് മതിയാകില്ല. രണ്ടു കിലോമീറ്റര്‍ അകലെയുള്ള കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് എത്തുമ്ബോഴേക്കും വൈകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ബസിനു കാത്തുനില്‍ക്കാതെ ടാക്സി വാഹനങ്ങളില്‍ പോകുന്നത് കെ.എസ്.ആര്‍.ടി.സിക്കു നഷ്ടമാണ്. ആവശ്യത്തിനു ബസ് ഇല്ലെന്നു പരാതി വന്നപ്പോഴാണ് കൂടുതല്‍ ബസ് അനുവദിച്ചത്. സാധാരണ എട്ടോളം ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിടാറുള്ളതാണ്.

ഇത്തവണയാണ് വിലക്ക് വന്നത്. 44 ബസാണ് സ്പെഷല്‍ സര്‍വിസിന് അനുവദിച്ചിട്ടുള്ളത്. തിരക്കിനനുസരിച്ച്‌ ലൈൻ ബസുകളുമുണ്ട്. തുടക്കം മുതല്‍ റെയില്‍വേ തങ്ങളെ അവഗണിക്കുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് പരാതിയുണ്ട്. സ്റ്റേഷനില്‍ കൗണ്ടര്‍ ആരംഭിക്കാൻ കണ്ണായ സ്ഥലം സ്വകാര്യ ടാക്സിക്കാര്‍ക്കാണ് നല്‍കിയത്.

ഇവരോടു മത്സരിച്ചാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നത്. ഇവരുമായി സംഘര്‍ഷങ്ങളും ഉണ്ടാവാറുണ്ട്. ശബരിമല തീര്‍ഥാടനം തുടങ്ങിയതോടെ റെയില്‍വേ സ്റ്റേഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുപോലും വേണ്ടത്ര സൗകര്യമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K