17 December, 2023 01:50:26 PM


തനിക്ക് കടന്നുപോകാൻ ഗതാഗതം തടസപ്പെടുത്തരുത് - തെലങ്കാന മുഖ്യമന്ത്രി



ഹൈദരാബാദ്: തെലങ്കാനയിലും ഹൈദരാബാദിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി ഗതാഗതതടസം സൃഷ്ടിക്കില്ല. താൻ സഞ്ചരിക്കുമ്പോൾ സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.

ബന്ധപ്പെട്ട ട്രാൻസ്‌പോർട്ട്, സെക്യൂരിറ്റി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകും. കൂടാതെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ൽ നിന്ന് ഒമ്പതാക്കി കുറച്ചു. എന്നാൽ മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നിർബന്ധമായതിനാൽ ബുള്ളറ്റ് പ്രൂഫ് കാർ ഉപയോഗിക്കേണ്ടിവരും.

മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ ഹൈദരാബാദ് നഗരത്തിൽ 10-15 മിനിറ്റ് ഗതാഗതം തടസ്‌പ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ പുതിയ നിർദേശം. സാമാന്യ ജനങ്ങൾക്കും വാഹനങ്ങൾക്കും പ്രയാസങ്ങളുണ്ടാകാതെ ഒരു ബദൽ സംവിധാനം തേടാനും രേവന്ത് നിർദേശിച്ചിട്ടുണ്ട്.

"ജനങ്ങളിലൊരാളായി അവരുമായി ഇടപഴകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വീട്ടിലിരിക്കാനല്ല, ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അത് പരിഹരിക്കാനുമാണ് എന്‍റെ ശ്രമം. അതുകൊണ്ട് ഗതാഗത തടസം പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ആലോചിക്കണം"-പൊലീസ് ഉദ്യോഗസ്ഥരോട് രേവന്ത് റെഡ്ഡി നിർദേശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K