17 December, 2023 12:22:19 PM


'ആർത്തവ അവധി വേണ്ട': സ്മൃതി ഇറാനിയ്ക്ക് പിന്തുണയുമായി സംരംഭക



ന്യൂഡല്‍ഹി: ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി സ്ത്രീകൾക്ക് ആവശ്യമില്ലെന്ന കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടിനെ അനുകൂലിച്ച് ബ്യൂട്ടി ബ്രാൻഡായ മാമ എർത്തിന്‍റെ സഹ സ്ഥാപക ഗസൽ അലഗ് രംഗത്ത്. ആർത്തവം ഒരു വൈകല്യമല്ലെന്നും അത് സ്ത്രീകളോടുള്ള വിവേചനങ്ങൾക്ക് വഴിവെക്കുമെന്നും സ്മൃതി ഇറാനി ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു.

ഇതിന് സമാനമായ വാദവുമായാണ് ഗസൽ അലഗും രംഗത്തെത്തിയിരിക്കുന്നത്. "തുല്യ അവസരങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നാം നൂറ്റാണ്ടുകളായി പോരാടുകയാണ്, ഇപ്പോൾ ആർത്തവ അവധിയ്ക്ക് വേണ്ടി പോരാടുന്നത് നമ്മൾ കഠിനാധ്വാനം ചെയ്ത് നേടിയ സമത്വത്തിന് തിരിച്ചടിയായേക്കാമെന്നും "അവർ എക്സിൽ കുറിച്ചു.

പകരം ആർത്തവ സമയത്ത് സ്ത്രീകളെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കുമെന്നും ഗസൽ ചൂണ്ടിക്കാട്ടി. ഗസലിന്‍റെ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇത് പുരുഷന്മാരോടുള്ള ഒരു അനീതിയാണ് എന്ന് ചിലർ പറയുന്നു. "വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കും, പ്രകൃതി സ്ത്രീയെയും പുരുഷനെയും ഒരുപോലെ അല്ല സൃഷ്ടിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ യുക്തിപരമായ പരിഹാരങ്ങൾ ഉണ്ടാക്കുക " മറ്റൊരാൾ പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അവസരം നൽകുന്നതിന് എതിരെയും ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K