27 November, 2023 10:08:01 AM


മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ



ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം. രാവിലെ അഞ്ചരയോടെ ജെസിബികളും ടിപ്പർ ലോറികളുമായി കരാർ കമ്പനിയെത്തി. മണ്ണെടുപ്പ് നടന്നാൽ വീണ്ടും സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. നവംബർ 16-ന് മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.

2008 മുതൽ പ്രദേശത്ത്‌ മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുമണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K