23 November, 2023 11:30:23 AM


അറസ്റ്റു ചെയ്യുമ്പോൾ പ്രതികൾ തന്‍റെ കാറിലായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ



തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ അവർ‌ സഞ്ചരിച്ചിരുന്നത് തന്‍റെ കാറിലായിരുന്നെന്ന വാർത്ത ശരിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ. തന്‍റെ കാർ എല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപയോഗിക്കാം. തന്‍റെ കാറിൽ സഞ്ചരിക്കുമ്പോൾ അവർ കുറ്റവാളികളായിരുന്നില്ല. കുറ്റം തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. 

അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. വി.കെ സനോജിന്‍റെ രാഷ്ട്രീയ ഗുരു കെ. സുരേന്ദ്രനാണ്. ഒരേ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് രണ്ട് പേരും പറയുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമിന്‍റെ ഫോൺ, ബിനിലിന്‍റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർ നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് കാട്ടി ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K