23 November, 2023 10:47:17 AM


തുരങ്കത്തില്‍ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തിൽ



ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും. രക്ഷാദൗത്യം മൂന്നു മണിക്കൂറോളം വൈകാനാണ് സാധ്യത. ഇന്ന് രാവിലെ 8 മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്റ്റീൽ പാളികൾ മുറിച്ചു മാറ്റുന്നത് തുടരുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്.

അതേസമയം, രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്.

പന്ത്രണ്ടു ദിവസമായി തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ‌ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്‍റെ ബ്ലേഡ് തകാരാറിലായി. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകി. 

തടസമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ ഇന്നലെ അറിയിച്ചിരുന്നു. അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K