21 November, 2023 01:44:45 PM
നവകേരള യാത്ര; സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: നവകേരള സദസ്സിലേക്ക് ആളുകളെ എത്തിക്കാൻ സംഘാടക സമിതി അവിശ്യപ്പെട്ടാൽ സ്കൂൾ ബസ്സുകൾ വിട്ടുനൽകണമെന്ന വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കാസർകോട് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം പറയുന്നത്. അതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ ഉത്തരവ് നിയമവിരുദ്ധമാണ്.
തന്‍റെ മകളും മറ്റു കുട്ടികളും സ്കൂൾ ബസ് ഉപയോഗിക്കുന്നതാണെന്നും പ്രവർത്തി ദിവസം ബസ് വിട്ടു നൽകാൻ ഉള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം.
പ്രവർത്തി ദിവസങ്ങളിൽ പോലും അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും നവകേരള യാത്രയിൽ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാൽ ഉള്ള നിർദേശം നൽകിയിട്ടുണ്ടന്നും, ഇത്തരം നിർദേശങ്ങൾ സ്കൂളിന്‍റെ പ്രവർത്തനതെയും വിദ്യാർത്ഥികളേയും മോശമായി ബാധിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജിക്കാരന്‍റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.