18 November, 2023 06:48:50 PM


റോബിൻ ബസിന് എംവിഡി പിഴയായി ഇന്ന് ചുമത്തിയത് 30,000 രൂപ



പാലക്കാട് : കോയമ്പത്തൂർക്ക് സർവീസ് ആരംഭിച്ച റോബിൻ ബസിന് കേരള എംവിഡി പിഴയായി ഇന്ന് ചുമത്തിയത് 30,000 രൂപ. വാഹനം വാളയാര്‍ ബോര്‍ഡര്‍ കടന്നപ്പോഴാണ് ഇത്രയും തുക പിഴ ചുമത്തിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ നാല് സ്ഥലങ്ങളില്‍ വച്ച്‌ പോലീസ് വാഹനം പരിശോധിച്ചിരുന്നു. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കി ബസ് വിടുകയായിരുന്നു.

അതേസമയം, വഴിനീളെ നിരവധിപ്പേരാണ് റോബിൻ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാൻഡില്‍ വൻ സ്വീകരണമാണ് നല്കിയത്. 

മുന്‍പ് രണ്ടുതവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്‌റ്റേജ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K