18 November, 2023 06:22:55 PM
ഫയലുകൾ കെട്ടിക്കിടക്കുമ്പോൾ സെക്രട്ടേറിയറ്റ് ശൂന്യമാക്കി പി.ആര്‍ പരിപാടി - വിഎം സുധീരന്‍
തിരുവനന്തപുരം : ഏഴര ലക്ഷത്തോളം ഫയല്‍ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാര്‍ പി.ആര്‍ വര്‍ക്കിന് ഇറങ്ങിയതെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ സര്‍ക്കാര്‍ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേമ പെൻഷൻ മുഴുവൻ ഉടൻ കൊടുത്തു തീര്‍ക്കുകയാണ് വേണ്ടത്. നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ല. സ്കൂള്‍ കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം പോലും നല്‍കുന്നില്ല. സര്‍ക്കാരിന് ശ്രദ്ധ കേരളത്തില്‍ മദ്യ വ്യാപനം നടത്തുന്നതില്‍ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവ പ്രതി ലഹരിക്ക് അടിമയാണ്. കുറ്റകൃത്യം , ആത്മഹത്യ, റോഡപകടം എല്ലാം കൂടി. കേരളം അരാജക അവസ്ഥയിലെത്തി നില്‍ക്കുകയാണ്.
ശിവശങ്കരൻ ജയിലില്‍ കിടക്കേണ്ടതിന് പകരം മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കേണ്ടിയിരുന്നത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലീഗ് എം.എല്‍.എയെ നാമനര്‍ദേശം ചെയ്ത കാര്യത്തിലും വിഎം സുധീരന്‍ നിലപാട് വ്യക്തമാക്കി. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യതക്കും ആ പാര്‍ട്ടിയുടെ രാഷ്ട്രീയ ഔചിത്യം പ്രധാനമാണ്. ലീഗ് കാലാ കാലങ്ങളില്‍ ഈ ഔചിത്യം നിലനിര്‍ത്തിയ പാര്‍ട്ടിയാണ്. ഇക്കാര്യത്തിലും ലീഗ് ഈ പാരമ്പര്യം നിലനിര്‍ത്താൻ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎം സുധീരന്‍ പറഞ്ഞു.